പെരുമ്പാവൂർ: ഡയറക്ട‌് മാർക്കറ്റിങ് സ്ഥാപനത്തിൽ യുവാവിനെ നായയെപ്പോലെ നടത്തിക്കുന്ന വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മുൻ മാനേജർ കോഴിക്കോട് വടകര പാറക്കണ്ടി വീട്ടിൽ മനാഫിനെതിരെ കേസെടുത്തു. ഫീൽഡ് സ്റ്റാഫായ കൊല്ലം സ്വദേശിനി നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പു ചുമത്തിയാണു കേസ്. വിഡിയോ ദൃശ്യങ്ങളിലെ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി അനുമതിയോടെ മാനനഷ്ടത്തിനും കേസെടുക്കും.
അതേസമയം, സംഭവം തൊഴിൽപീഡനം അല്ലെന്നും പരിശീലനത്തിന്റെ ഭാഗമായി നിർബന്ധിച്ചു വിഡിയോ ചിത്രീകരിച്ചതാണെന്നുമുള്ള മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാക്കൾ
യുവാവിനെ കൊണ്ടു ചെയ്യിച്ചതു പോലെ തന്നെയും നായയെ പോലെ നടത്തിക്കാൻ മനാഫ് ശ്രമിച്ചു എന്നാണു യുവതിയുടെ പരാതി. യുവതിയുടെ കഴുത്തിൽ ബെൽറ്റിട്ട്, മുട്ടു കുത്തിച്ച ശേഷം തറയിൽ കടലാസ് ചുരുട്ടിയിട്ടു കടിച്ചെടുക്കാനാണു പറഞ്ഞത്. ബെൽറ്റിട്ടു മുട്ടു കുത്തിയിരുന്നെങ്കിലും കടലാസ് കടിച്ചെടുത്തില്ല. വിഡിയോ ചിത്രീകരിക്കാനും സമ്മതിച്ചില്ലെന്നു യുവതിയുടെ പരാതിയിൽ പറയുന്നു. ഇപ്പോഴും സ്ഥാപനത്തിൽ ഫിൽഡ് സ്റ്റാഫായി ജോലി ചെയ്യുന്ന യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വിഡിയോ പ്രചരിച്ചതോടെയാണു പൊലീസിൽ പരാതി നൽകിയത്.
വിഡിയോ ദൃശ്യങ്ങളിൽ നായയെ പോലെ മുട്ടിലിഴഞ്ഞു നടക്കുന്ന അല്ലപ്ര സ്വദേശിയായ യുവാവും ബെൽറ്റ് കയ്യിൽ പിടിച്ചിരിക്കുന്ന പാലക്കാടു സ്വദേശിയായ യുവാവുമാണു പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. പുരുഷനിൽ നിന്നു സ്ത്രീക്കു മാനക്കേടുണ്ടായാൽ പൊലീസിനു നേരിട്ടു കേസെടുക്കാം. എന്നാൽ പുരുഷൻമാരാണു വാദിയും പ്രതിയുമെങ്കിൽ കോടതി അനുമതി ആവശ്യമാണെന്ന് ഇൻസ്പെക്ടർ ടി.എം.സൂഫി പറഞ്ഞു.