തെൽ അവിവ്: ഒന്നര വർഷത്തിലേറെയായി തുടരുന്ന വംശഹത്യയിൽ ഗസ്സയുടെ പകുതി ഭൂപ്രദേശങ്ങളുടെയും നിയന്ത്രണം ഇസ്രായേൽ പിടിച്ചെടുത്തതായി റിപ്പോർട്ട്. ലക്ഷക്കണക്കിന് ഫലസ്തീനികളെ പുറത്താക്കി വീടും കൃഷിയും തകർത്തെറിഞ്ഞാണ് ഇസ്രായേൽ സേന ബഫർ സോൺ വിപുലീകരിച്ചത്.
കഴിഞ്ഞ നാലാഴ്ചക്കിടെ ഇരട്ടിപ്പിച്ച ഗസ്സയിലെ സൈനിക ബഫർ സോൺ ‘കൊല മേഖല’ യായി ഇസ്രായേൽ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രത്യേകം അതിർത്തി നിർണയിക്കാത്ത ഈ മേഖലയിലെ യുദ്ധ ടാങ്കറുകളുടെ 500 മീറ്റർ അടുത്തെത്തിയാൽ സ്ത്രീകളെയും കുട്ടികളെയും അടക്കം വെടിവെച്ചുകൊല്ലുമെന്നാണ് സൈന്യം പറയുന്നത്. ഇസ്രായേലി സൈനികർ, മനുഷ്യാവകാശ സംഘടനകൾ, ഗസ്സ വിദഗ്ധർ എന്നിവരെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഗസ്സ അതിർത്തി മേഖലയിലെ ഭൂപ്രദേശങ്ങളാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും. വടക്ക്, തെക്ക് ഗസ്സയെ വേർതിരിക്കുന്ന ഇടനാഴിയും ഇസ്രായേൽ പിടിച്ചെടുത്തവയിൽ ഉൾപ്പെടും. വാസയോഗ്യമല്ലാത്ത മേഖലയാക്കി മാറ്റാൻ 18 മാസമായി അടിസ്ഥാന സൗകര്യങ്ങൾ തകർത്ത് മേഖല നിരപ്പാക്കുകയാണ് സൈന്യം.
ഇസ്രായേൽ ആക്രമണം തുടങ്ങുന്നതിനുമുമ്പ് വീടുകളും സ്കൂളുകളും ജനത്തിരക്കേറിയ തെരുവുകളുമുണ്ടായിരുന്ന മേഖലകൾ മണൽ മാത്രമായി മാറ്റിയിരിക്കുകയാണെന്ന് വ്യക്തമാകുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സകലതും സൈന്യം തകർത്തതായും ഫലസ്തീനികൾക്ക് മടങ്ങിവരാൻ ഒന്നും ബാക്കിവെച്ചിട്ടില്ലെന്നും കെട്ടിടങ്ങൾ തകർക്കുന്ന ടാങ്കുകൾക്ക് സംരക്ഷണം നൽകുന്ന സൈനികൻ പറഞ്ഞു. ഫലസ്തീനികൾ ഇനി ഒരിക്കലും മടങ്ങി വരില്ലെന്നും സൈനികൻ കൂട്ടിച്ചേർത്തു.
വ്യാപകമായി കെട്ടിടങ്ങളും മറ്റും പൂർണമായി നശിപ്പിക്കുന്നതിലൂടെ ഭാവിയിൽ മേഖലയുടെ നിയന്ത്രണം ഉറപ്പാക്കുകയാണ് ഇസ്രായേൽ ലക്ഷ്യമെന്നാണ് ബഫർ സോൺ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് പഠനം നടത്തിയ ഇസ്രായേലിലെ അധിനിവേശ വിരുദ്ധ സംഘടനയായ ബ്രേക്കിങ് ദ സൈലൻസ് തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ആക്രമണത്തിന്റെ തുടക്കത്തിൽ ഫലസ്തീനികളെ ഒഴിപ്പിച്ച് ഇസ്രായേൽ ഗസ്സ അതിർത്തി മേഖലയിൽ ഒരു കിലോമീറ്ററിലേറെ പിടിച്ചെടുത്ത് ബഫർ സോൺ സ്ഥാപിച്ചിരുന്നു. വെടിനിർത്തൽ സമയപരിധി അവസാനിച്ചതിനുപിന്നാലെ പുനരാരംഭിച്ച ആക്രമണത്തിലാണ് മൂന്ന് കീലോമീറ്റർ ദൂരം ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തത്.