ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച രാത്രി വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്.
നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ രൂപവത്കരിക്കും. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ തടസ്സ ഹരജി ഫയൽ ചെയ്തതിനു പിന്നാലെയാണ് നിയമം പ്രാബല്യത്തിലാക്കി വിജ്ഞാപനം ഇറക്കിയത്. കേന്ദ്രത്തിന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് തടസ്സ ഹരജിയിലെ ആവശ്യം.
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹരജികൾ ഈമാസം 16നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്ലിം സംഘടനകളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് അവഗണിച്ച് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബിൽ കഴിഞ്ഞ ശനിയാഴ്ച അർധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.
ലോക്സഭ വ്യാഴാഴ്ച പുലർച്ചയും രാജ്യസഭ വെള്ളിയാഴ്ച പുലർച്ചയും പാസാക്കിയ ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പിട്ട് ശനിയാഴ്ച അർധരാത്രിയാണ് അംഗീകാരം നൽകിയത്. രാഷ്ട്രപതി ഒപ്പിടുന്നതിന് മുമ്പെ കോൺഗ്രസ് വിപ്പ് മുഹമ്മദ് ജാവേദ്, ആം ആദ്മി പാർട്ടി എം.എൽ.എ അമാനതുല്ലാ ഖാൻ, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എന്നിവരും മനുഷ്യാവകാശ സംഘടനയായ എ.പി.സി.ആറും സുപ്രീംകോടതിയിലെത്തിയിരുന്നു.
രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെ കേരളത്തിൽനിന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ സുപ്രീംകോടതി അഭിഭാഷകൻ സുൽഫീക്കർ അലി മുഖേന ഹരജി ഫയൽ ചെയ്തു. വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്താക്കിമാറ്റാനാണ് നിയമം കൊണ്ടുവന്നതെന്നും വഖഫ് നിയമഭേദഗതി വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും സമസ്ത ഹരജിയിൽ ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ ജംഇയ്യതുൽ ഉലമായെ ഹിന്ദും സുപ്രീംകോടതിയെ സമീപിച്ചിരുന്നു