ഇടുക്കി മുൻ എംഎൽഎ മാത്യു സ്റ്റീഫനുൾപ്പടെ മൂന്ന് പേർക്കെതിരെ തട്ടിപ്പിനും വഞ്ചന കുറ്റത്തിനും കേസെടുത്ത് പൊലീസ്. 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന ജ്വല്ലറി ഉടമയുടെ പരാതിയിലാണ് കേസ്. തട്ടിപ്പുമായി ബന്ധമില്ലെന്നും പ്രതികൾ തന്റെ പേര് ദുരുപയോഗം ചെയ്തെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു
ഇടുക്കിയിലെ മുൻ എം എൽ എ യും ജനാധിപത്യ സംരക്ഷണ സമിതി നേതാവുമായ മാത്യു സ്റ്റീഫൻ, പ്രവർത്തകരായ ജിജി മാത്യു, സുബൈർ, എന്നിവർക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. 10 ലക്ഷം രൂപയുടെ സ്വർണം പണം നൽകാതെ വാങ്ങിയെന്നും പിന്നീട് പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് ജ്വല്ലറി ഉടമയുടെ പരാതി. നേരത്തെ നിർധന കുടുംബത്തെ സഹായിക്കാൻ മാത്യു സ്റ്റീഫൻ ഇതേ ജ്വല്ലറിയിൽ നിന്ന് 169,000 രൂപയുടെ സ്വർണ്ണം പിന്നീട് പണം നൽകാമെന്ന ഉറപ്പിൽ വാങ്ങിയിരുന്നു.
ഈ ഇടപാടിന്റെ ബലത്തിലാണ് രണ്ടാമത് 10 ലക്ഷം രൂപയുടെ സ്വർണം ആവശ്യപ്പെട്ടത്. എന്നാൽ ഇത് നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല. പിന്നീട് ജിജിയും സുബൈറും ചേർന്ന് ജ്വല്ലറിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ശല്യം തുടർന്നതോടെ ജ്വല്ലറി ഉടമ പ്രതികൾ ആവശ്യപ്പെട്ട സ്വർണം നൽകി. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായപ്പോഴാണ് ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകിയത്. എന്നാൽ താൻ വാങ്ങിയ സ്വർണത്തിന്റെ പണം നൽകിയതാണെന്നും 10 ലക്ഷം രൂപയുടെ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ജിജിയും, സുബൈറും തട്ടിപ്പുകാരാണെന്ന് അറിഞ്ഞതോടെ ജനാധിപത്യ സംരക്ഷണ സമിതിയിൽ നിന്നും രാജിവച്ചെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു