മംഗളൂരു: രണ്ട് മലയാളി യുവാക്കളെ മംഗളൂരുവിലെ വാടകവീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം കാസർകോട് കുണ്ടംകുഴി മരുതടുക്കത്ത് കുഴിച്ചിട്ട കേസിൽ പ്രതികളായ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോഴിക്കോട് സ്വദേശി ടി.പി. ഫാഹിം (25), തലശ്ശേരി സ്വദേശി നഫീർ അഹമ്മദ് ജാൻ (25) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കാസർകോട് ചെർക്കളയിലെ മുഹമ്മദ് മുനവർ സനാഫ്, വിദ്യാനഗറിലെ മുഹമ്മദ് ഇർഷാദ്, മുഹമ്മദ് സഫ്വാൻ എന്നിവരെയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻ ജഡ്ജി എച്ച്.എസ് മല്ലികാർജുൻ സ്വാമി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ശിക്ഷ 16-ന് വിധിക്കും.വിദേശത്തുനിന്ന് എത്തിച്ച കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2014 ജൂലായ് ഒന്നിന് മംഗളൂരു അത്താവറിലെ വാടകവീട്ടിൽവെച്ചാണ് കൊലനടത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി കുണ്ടംകുഴി മരുതടുക്കത്തെ, പ്രതികൾ വിലക്ക് വാങ്ങിയ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നതും പ്രതികൾ പിടിയിലാവുന്നതും. ചോദ്യം ചെയ്യലിൽ മൃതദേഹം മരുതടുക്കത്ത് കുഴിച്ചിട്ടതായി പ്രതികൾ മൊഴിനൽകി. തുടർന്ന് കാസർകോട് പോലീസിന്റെ സഹായത്തോടെയാണ് മംഗളൂരു പോലീസ് മതദേഹം കണ്ടെടുത്തത്.