*തിരുവനന്തപുരം:* ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം കൂടിയത് 2,160 രൂപ. ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇതോടെ രണ്ട് ദിവസത്തിനിടെ 2680 രൂപയാണ് കൂടിയത്. 8560 രൂപയാണ് ഗ്രാമിന്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം. അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുവ യുദ്ധം സ്വർണ്ണവില കുതിപ്പിന് കളമൊരുക്കി. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില മൂന്ന് ശതമാനം ഉയർന്നു. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ തീരുവ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ചൈനയുടേത് വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വര്‍ധനയ്ക്ക് പിന്നില്‍. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,089.17 ഡോളറിലെത്തി. ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 3,167 ഡോളര്‍ നിലവാരത്തിലാണ്.
മഹാവിര്‍ ജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് അവധിയാണ്. എങ്കിലും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ വൈകീട്ട് അഞ്ചിന് വ്യാപാരം ആരംഭിക്കും. കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ വില വര്‍ധന അപ്പോഴായിരിക്കും പ്രതിഫലിക്കുക. സ്വർണ്ണവില വലിയ തോതിൽ കുറയുമെന്ന് പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിംഗ് എടുത്ത് സ്വർണ വ്യാപാരികൾ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇന്നലെയും സ്വർണവിലയിൽ വര്ധനവുണ്ടായിരുന്നു. ഇന്നലെ 520 രൂപയാണ് വർധിച്ചത്. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണത്തിനു വർധിച്ചത് 2,680 രൂപയാണ്.