കോഴിക്കോട്: മുപ്പത് വര്‍ഷത്തെ സൗഹൃദമായിരുന്നു കോഴിക്കോട് സ്വദേശികളായ മഹേഷും ജയരാജനും തമ്മില്‍. ഊണും ഉറക്കവുമെല്ലാം ഒരുമിച്ചായിരുന്നു.പ്രായത്തില്‍ മുതിര്‍ന്നത് മഹേഷാണ്. 51 വയസ്. ജയരാജനാകട്ടെ 48 വയസും. കോയമ്പത്തൂരില്‍ ഒരുമിച്ച് ബേക്കറി നടത്തി വരികയായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തി.
മഹേഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജയരാജന്‍ ജീവനൊടുക്കുകയായിരുന്നു. ആഴത്തിലുള്ള സൗഹൃദമുണ്ടായിരുന്നിടത്ത് ജയരാജനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്തെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊലയ്ക്ക് പിന്നിലെ കാരണം തേടുകയാണ് പൊലീസ്.
അയല്‍വാസികളായിരുന്നു മഹേഷും ജയരാജനും. ജയരാജനായിരുന്നു ആദ്യം കോയമ്പത്തൂരിലേക്ക് പോയത്. പിന്നീട് മഹേഷിനേയും കൊണ്ടുപോകുകയായിരുന്നു.
ബേക്കറി കച്ചവടം ലാഭകരമായതോടെ കാറും പലയിടങ്ങളിലായി ഭൂമിയും ഇരുവരും വാങ്ങിക്കൂട്ടി. ഇരുപത് വര്‍ഷമായി ഇരുവരും കോയമ്പത്തൂരായിരുന്നു. അടുത്തിടെ ജയരാജന് വാഹനാപകടത്തില്‍ പരിക്കേറ്റു.
കുറച്ചു നാള്‍ നാട്ടില്‍ തുടര്‍ന്ന ശേഷം ജയരാജന്‍ വീണ്ടും കോയമ്പത്തൂരിലേയ്ക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകവും ആത്മഹത്യയും നടന്നത്.
ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ മഹേഷിന്റെ ജീവിതത്തിലേയ്ക്ക് ഒരു സ്ത്രീ കടന്നുവന്നിരുന്നു. ഈ ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.
സ്ത്രീ ഇടയ്ക്കിടെ ബേക്കറിയിലും എത്തിയിരുന്നു. ജയരാജും ഈ ബന്ധത്തെ എതിര്‍ത്തിരുന്നതായാണ് വിവരം. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ഈ യുവതിയെ മഹേഷ് വിവാഹം കഴിച്ചു.
ഇതേ ചൊല്ലിയുള്ള തര്‍ക്കമാണോ കൊലപാതകത്തിലും പിന്നീട് ആത്മഹത്യയിലും കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.