മലപ്പുറം: ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പൊലീസിന്‍റെ നീക്കം. ജില്ലയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്ന മലയാളികളായ രണ്ടുപേരെയാണ് ആദ്യം അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂവത്തിങ്കൽ സ്വദേശി അസീസ്, എടവണ്ണ സ്വദേശി ഷമീർ ബാബു എന്നിവരാണ് ആദ്യം വലയിലായത്. ഒരാഴ്ച മുൻപാണ് ഇരുവരെയും 200 ഗ്രാം എംഡിഎംഎയുമായി അരീക്കോട് തേക്കിൻചുവട് വെച്ച് പൊലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരി മരുന്ന് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയാണ് ഇരുവരും പിടിയിലായത്.
തുടർന്ന് ഇവർക്ക് ലഹരി മരുന്ന് കൈമാറിയ പൂവത്തിങ്കൽ സ്വദേശി അനസ്, കണ്ണൂർ മെയ്യിൽ സ്വദേശി സുഹൈൽ എന്നിവരെയും പിടികൂടി. 10 ലക്ഷം രൂപയുടെ ലഹരി മരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ അസീസിന് മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ലഹരി കടത്ത്, മോഷണം കളവ് ഉൾപ്പെടെ അൻപത്തിലധികം കേസുകൾ ഉണ്ട്. മുൻപ് തായ്‌ലൻഡിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ സുഹൈലിനെ ജയ്പൂരിൽ വച്ച് കസ്റ്റംസ് പിടികൂടിയിരുന്നു