കാസർകോഡ്: കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് വ്യാഴാഴ്ച ഒരു പി.എസ്.സി പരീക്ഷാ ഹാളിൽ അരങ്ങേറിയത്. കാസർകോഡ് ഗവൺമെന്റ് യു.പി സ്കൂളിൽ രാവിലെ 7:30 ന് പരീക്ഷ എഴുതാൻ വന്ന ഉദ്യോഗാർഥിയിൽ നിന്ന് ഹാൾടിക്കറ്റ് കൊത്തിയെടുത്ത് ഒരു പരുന്ത് ജനാലയിലൂടെ പുറത്തേക്ക് പറന്നു. പരീക്ഷ തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പരുന്ത് ചെയ്ത ചതി കണ്ട് ഉദ്യോഗാർഥികളാകെ അമ്പരന്നു.
പരീക്ഷയ്ക്ക് നേരത്തെ തന്നെ ഹാളിലെത്തിയതായിരുന്നു ഉദ്യോഗാർഥി. തട്ടിയെടുത്ത ഹാൾ ടിക്കറ്റുമായി പരുന്ത് ജനലിലാണ് നിലയുറപ്പിച്ചത്. പരീക്ഷയ്ക്കുള്ള അവസാന ബെൽ മുഴങ്ങാറായപ്പോൾ ഉദ്യോഗാർഥിയുടെ നെഞ്ചിടിപ്പ് കൂടി. ഹാൾടിക്കറ്റില്ലാതെ പി.എസ്.എസി പരീക്ഷ എഴുതാൻ അനുവാദം ലഭിക്കില്ല.
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുമ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തി പരുന്ത് ഹാൾ ടിക്കറ്റ് തിരികെ കൊണ്ടു വച്ചു. ഉദ്യോഗാർഥി പരീക്ഷ എഴുതി മടങ്ങുകയും ചെയ്തു. എന്തായാലും സംഭവത്തിൻറെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്