പേരാമ്പ്ര:പേരാമ്പ്രയിൽ ഭർതൃവീട്ടിൽ ഇരുപത്തിരണ്ടുകാരിക്ക് നേരെ ക്രൂരമായ അക്രമം. പരിക്കേറ്റ യുവതി ആശുപത്രിയിൽ . ഭർത്താവും മാതാപിതാക്കളും അടക്കം മൂന്ന് പേരെ പ്രതിചേർത്ത് പേരാമ്പ്ര പൊലീസ് കേസെടുത്തു.
സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടിൽ യുവതിയെ മാസങ്ങളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായാണ് പരാതി. പേരാമ്പ്ര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
തൃശൂർ സ്വദേശി ചിങ്ങരത്ത് വീട്ടിൽ സരയു (22)നാണ് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനം നേരിട്ടതായി പരാതിപ്പെട്ടത്.
വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ ഭർതൃവീട്ടുകാർ പല തവണകളിലായ് തൻ്റെ വീട്ടുകാരിൽ നിന്നും സ്വർണം വാങ്ങിയതായും സരയു പരാതിയിൽ പറയുന്നു.
വാങ്ങിയ സ്വർണം തിരിച്ചു ചോദിച്ച യുവതിയ്ക്ക് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും അവഗണനകളും അക്രമങ്ങളും നേരിടേണ്ടി വന്നതായും സരയു ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
യുവതിയുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഭർതൃമാതാവ് ശപിക്കുകയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായും,ഭർത്താവ് സരുൺ യുവതിയെ മുറിയിലിട്ട് പലപ്രവിശ്യം അടിക്കുകയും ചവിട്ടുകയും, കഴുത്തിൽ പിടിച്ചു അമർത്തുകയും ചെയ്തതായും യുവതി വെളിപ്പെടുത്തി.
മുഖത്തും കണ്ണിനും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ യുവതിയെ കല്ലോട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ പരാതിയിൽ മൂരികുത്തി സ്വദേശികളായ ഭർത്താവ് വടക്കയിൽ മീത്തൽ സരുൺ സത്യൻ, ഭർതൃ മാതാവ് ഉഷ, ഭർതൃ പിതാവ് സത്യൻ എന്നിവർക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.