കൊച്ചി: മുനമ്പം വഖഫ് ഭൂമി കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഹൈകോടതിയുടെ താൽക്കാലിക വിലക്ക്. പറവൂർ കോടതിയിലുള്ള രേഖകളുമായി ബന്ധപ്പെട്ട് വഖഫ് ബോർഡ് നൽകിയ ഹരജിയിലാണ് ഉത്തരവ്.
മുനമ്പം വിഷയത്തിൽ മുമ്പ് പറവൂർ സബ് കോടതിയിലുള്ള എല്ലാ രേഖകളും വിളിച്ചുവരുത്തണമെന്ന ആവശ്യം വഖഫ് ട്രൈബ്യൂണൽ തള്ളിയതിനെതിരെ വഖഫ് ബോർഡ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജി വീണ്ടും പരിഗണിക്കുന്ന മേയ് 26 വരെയാണ് വിലക്ക്.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വഖഫ് ട്രൈബ്യൂണലിൽ വാദം തുടരുന്നതിന് തടസ്സമിെല്ലങ്കിലും അന്തിമ ഉത്തരവ് ഹൈകോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഫറൂഖ് കോളജ് മാനേജ്മെന്റടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.