കല്‍പ്പറ്റ: വയനാട് ചൂരല്‍മല - മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചതിന് പിന്നാലെ പ്രതിഷേധം. നെല്‍സണ്‍ എസ്റ്റേറ്റിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് ഇന്ന് മുതല്‍ പ്രതിഷേധ സമരം ആരംഭിക്കുന്നത്. കുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാതെ നിര്‍മാണം അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.
ശനിയാഴ്ച മുതല്‍ ആയിരുന്നു നെല്‍സണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയില്‍ കെട്ടിവച്ചാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് നിര്‍മാണം തുടങ്ങിയത്. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി രജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. ഇതിന് പുറമെ ഈ തുക കൂടി കെട്ടി വച്ച് ഭൂമി ഏറ്റെടുത്തത്.
ഏപ്രില്‍ 11 വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് ലഭിക്കുന്നത് തൊട്ടുപിറകെ തന്നെ വയനാട് ജില്ലാ കലക്റ്ററുടെ നേതൃത്വത്തിലുള്ള സംഘം രാത്രിയില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ശനിയാഴ്ച ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.