സുൽത്താൻബത്തേരി : നൂൽപ്പുഴ നമ്പിക്കൊല്ലിയിൽ ലഹരിയുടെ ഉന്മാദത്തിൽ പിതാവും മകനും ചേർന്ന് ആളുകൾക്കുനേരേ കത്തിവീശിയും വാഹനങ്ങൾ തകർത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. റോഡിലൂടെപോയ വാഹനങ്ങളെയും ബസിനെയും ആക്രമിച്ചു. തടയാനെത്തിയ നൂൽപ്പുഴ പോലീസ് ജീപ്പിന്റെ ചില്ലുകളും തകർത്തു. ഒരുമണിക്കൂറോളം കത്തിവീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇരുവരെയും പോലീസും നാട്ടുകാരും ചേർന്ന് കീഴടക്കി.
ശനിയാഴ്ച മൂന്നരയോടെയാണ് സംഭവം. നമ്പിക്കൊല്ലി സ്വദേശികളായ കീത്തപ്പള്ളി സണ്ണി(56), മകൻ ജോമോൻ(33) എന്നിവരാണ് അക്രമം നടത്തിയത്. നമ്പ്യാർകുന്നിൽനിന്ന് ബത്തേരിയിലേക്ക് വരുകയായിരുന്ന ഗോകുലം ബസിനുനേരേ അക്രമം നടത്തിയായിരുന്നു തുടക്കം. ആളെയിറക്കാൻ നിർത്തിയപ്പോൾ ജോമോൻ ബസിനുള്ളിൽ കയറി കത്തിവീശി യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. പലരും ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബസിന്റെ വാതിൽച്ചില്ലുകളും പിൻഭാഗത്തെ ചില്ലും ഇയാൾ തകർത്തു. ബസിനുപിന്നിലുണ്ടായിരുന്ന കാറുകളടക്കമുള്ള വാഹനങ്ങളെയും ആക്രമിച്ചു. വിവരമറിഞ്ഞ് നൂൽപ്പുഴ പോലീസ് ജീപ്പിലെത്തിയപ്പോൾ ചുറ്റികയും കൊടുവാളുമായി പോലീസുകാരെ ആക്രമിക്കാനായി ശ്രമമെന്ന് പോലീസുകാർ പറഞ്ഞു. ഒഴിഞ്ഞുമാറിയപ്പോൾ വാഹനത്തിനുനേരേയായി ആക്രമണം. മുൻവശത്തേത് ഒഴികെയുള്ള മുഴുവൻ ചില്ലുകളും തകർത്തു. ജോമോനെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ സീനിയർ സിപിഒ ധനേഷിന്റെ കൈവിരലുകൾക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിടെ ജോമോന്റെ കത്തികൊണ്ട് സണ്ണിയുടെ കൈക്കും മുറിവേറ്റതായി പറയുന്നു.
ഏറെനേരം നീണ്ട ആക്രമണത്തിനുശേഷം പോലീസും തടിച്ചുകൂടിയ നാട്ടുകാരും ചേർന്ന് ഇരുവരെയും കീഴ്പ്പെടുത്തി. ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജിലേക്കും മാറ്റി.
കസ്റ്റഡിയിലെടുത്ത ഇവരുടെ മൊഴിയെടുത്തശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് നൂൽപ്പുഴ എസ്എച്ച്ഒ ശശിധരൻ പിള്ള പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തിനുകാരണം കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.