കീവ് :യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കു നേരെ റഷ്യയുടെ മിസൈലാക്രമണം. കുസും എന്ന കമ്പനിയുടെ വെയര്‍ഹൗസിലാണ് മിസൈല്‍ പതിച്ചത്. ഇന്ത്യയിലെ യുക്രൈന്‍ എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോള്‍ തന്നെ റഷ്യ ബോധപൂര്‍വം ഇന്ത്യന്‍ ബിസിനസുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണെന്ന് എംബസി എക്‌സില്‍ കുറിച്ചു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള മരുന്നുകളാണ് നശിപ്പിച്ചതെന്നും എംബസി പറഞ്ഞു.
കീവിലെ ഒരു പ്രമുഖ ഫാര്‍മസിയുടെ വെയര്‍ഹൗസിനു നേരെ ആക്രമണം നടന്നതായി യുക്രൈനിലെ യു കെ അംബാസഡര്‍ മാര്‍ട്ടിന്‍ ഹാരിസും പറഞ്ഞു. എന്നാല്‍, ഡ്രോണ്‍ ആക്രമണമാണ് നടത്തിയതെന്നും മിസൈല്‍ അല്ലെന്നുമാണ് അംബാസഡര്‍ വ്യക്തമാക്കിയത്