മാനന്തവാടി: വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് സ്റ്റേഷന് മുൻവശത്തുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ഉപ്പുംതറ സ്വദേശി മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹയാത്രികനായ ഇസ്‌മായിലിനെ (20) മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും സുഹൃത്തുക്കളോടൊപ്പം വയനാട് സന്ദർശിക്കാൻ എത്തിയതായിരുന്നുവെന്ന് പ്രാഥമിക വിവരങ്ങളിൽ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തെ തുടർന്ന് ഉടൻ തന്നെ നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മുഹമ്മദ് അജ്സലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇസ്‌മായിലിന് സാരമായ പരിക്കുകളുണ്ട്.