സുൽത്താൻ ബത്തേരി: മീനങ്ങാടി ചെണ്ടക്കുനിയിൽ നിന്ന് കാണാതായ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ യു.പിയിലെ കരാനിയിൽ നിന്ന് കണ്ടെത്തി. മീനങ്ങാടി സ്റ്റേഷനിലെ എ.എസ്.ഐ സുബൈദ, ഹെഡ് കോൺസ്റ്റബിൾ ഉനൈസ്, അഫ്സൽ എന്നിവരാണ് കുട്ടിയെ കണ്ടെത്തിയത്. യുപി പൊലീസിന്റെ സഹായത്തോടെ മീനങ്ങാടി പൊലീസ് മൊഹല്ല ദർബാർ ഖുർദ് സ്വദേശി ഫാസിൽ ഖുറേഷിയുടെ വീട് റെയ്ഡ് ചെയ്താണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ രണ്ടാഴ്ച മുമ്പ് മീനങ്ങാടി പൊലീസിൽ പരാതി നൽകിയിരുന്നു. മീനങ്ങാടിയിൽ വസ്ത്ര വ്യാപാരിയായി എത്തിയ ഫാസിൽ ഖുറേഷിയാണ് കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഫാസിലിനെ തേടി ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ പൊലീസ് പോയെങ്കിലും കണ്ടെത്താനാകാതെ മടങ്ങേണ്ടിവന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അന്വേഷണ സംഘം യു.പിയിൽ എത്തുന്നത്. ഫാസിലിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുമായി അന്വേഷണ സംഘം മീനങ്ങാടിയിലേക്ക് തിരിച്ചതായി മീനങ്ങാടി സ്റ്റേഷനിൽ നിന്നും അറിയിച്ചു