കാസര്‍കോട് മഞ്ചേശ്വരത്ത് മംഗളൂരു സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിഷേക് ഷെട്ടി അറസ്റ്റില്‍. സ്വകാര്യ സ്കൂളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കവും വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണം. മരണം ഉറപ്പിച്ച ശേഷം മൃതദേഹം കിണറ്റില്‍ തള്ളിയതാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരു മുള്‍ക്കി സ്വദേശി ഷരീഫിനെ മഞ്ചേശ്വരം കുഞ്ചത്തൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടതോടെ കൊലപാതകം ഉറപ്പിച്ചു. ശ്വാസകോശത്തില്‍ വെള്ളം കയറാത്തത് കൊന്നശേഷം കിണറ്റില്‍ തള്ളിയതാണെന്ന് വ്യക്തമാക്കി. പ്രതി അഭിഷേക് ഷെട്ടിയും മംഗളൂരു സ്വദേശിയാണ്.
ഷരീഫും അഭിഷേക് ഷെട്ടിയും മംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവര്‍മാരായിരുന്നു. സൈഡ് നല്‍കുന്നതിനെ ചൊല്ലി ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അഭിഷേകിന് ജോലി നഷ്ടമായി. ഇതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഷരീഫിന്‍റെ ഓട്ടോ വിളിച്ച് മഞ്ചേശ്വരത്തെത്തി കുത്തിയും വെട്ടിയും കൊല്ലുകയായിരുന്നു. ഫോണ്‍ രേഖകളും ഓട്ടോയില്‍ യാത്ര ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുമാണ് പ്രതിയിലേക്കെത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്. പ്രതി ലഹരിക്ക് അടിമയാണെന്നും കഞ്ചാവ് കടത്തുകേസില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്