മുംബൈ: മഹാരാഷ്ട്രയിൽ മൻമദ്-സിഎസ്എംടി പഞ്ചവടി എക്സ്പ്രസിൽ പരീക്ഷണാടിസ്ഥാനത്തിൽ എ.ടി.എം സ്ഥാപിച്ച് റെയിൽവേ. സഞ്ചരിക്കുന്ന ട്രെയിനിലെ എ.ടി.എംൻറെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സാമൂഹ്യ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തു.
ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള റെയിൽവേ ഉദ്യമങ്ങളുടെ ഭാഗമായാണ് ട്രെയിനിൽ എ.ടി.എം സ്ഥാപിച്ചത്. ഏപ്രിൽ 10 നാണ് എ.ടി.എമ്മിൻറെ ട്രയൽ റൺ നടന്നത്. പാൻട്രി ഏരിയയിലെ ഒരു ചെറിയ ഭാഗമാണ് എ.ടിഎം സ്ഥാപിക്കാൻ വേണ്ടി തയാറാക്കിയെടുത്തത്. മികച്ച സുരക്ഷയോടെയാണ് എ.ടി.എം സ്ഥാപിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
മികച്ച സാങ്കേതിക വിദ്യകളും പദ്ധതികളും അവതരിപ്പിച്ച് ട്രെയിൻ യാത്രകളെ ആധുനികവൽകരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ.