വടകര:പേയ്ടിഎം തകരാർ പരിഹരിക്കാൻ എന്ന വ്യാജേന എത്തി കച്ചവടക്കാരുടെ അക്കൗണ്ടിൽ നിന്നു പണം തട്ടിയ യുവാവ് പിടിയിൽ. വില്യാപ്പള്ളിയിലെ ഒരു കച്ചവടക്കാരനിൽ നിന്നു 2 തവണയായി 68,000 രൂപ തട്ടിയ കേസിലാണു തലശ്ശേരി കതിരൂർ പിലാക്കണ്ടി മുഹമ്മദ് റാഷിദ് (35) പിടിയിലായത്. വൈക്കിലശ്ശേരിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന റാഷിദ് പേയ്ടിഎം സെറ്റ് ചെയ്യുന്ന സ്ഥാപനത്തിലെ ടെക്നിക്കൽ ജീവനക്കാരനായിരുന്നു. ജോലി നഷ്ടപ്പെട്ട ശേഷം ആ പരിചയം മുതലാക്കി കച്ചവട സ്ഥാപനങ്ങളിൽ എത്തി,
തകരാർ പരിഹരിച്ചു തരാമെന്ന് പറഞ്ഞ് പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ വിവിധ കടകളിൽ നിന്നു 3 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുള്ളതായാണ് വിവരം. സാങ്കേതികമായി അറിവില്ലാത്ത, വയോധികരായ കച്ചവടക്കാരെ സമീപിച്ച് ആധാർ ലിങ്ക് ചെയ്യണമെന്ന് പറഞ്ഞ് മൊബൈൽ ഫോൺ വാങ്ങി പിൻ നമ്പർ ചോദിച്ചറിഞ്ഞ് പണം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
വില്യാപ്പള്ളി കൊളത്തൂർ റോഡ് ഹിലാൽ കേറ്ററിങ് സ്ഥാപനത്തിന്റെ ഉടമ വട്ടപ്പൊയിൽ അമ്മദിന്റെ അക്കൗണ്ടിൽ നിന്നാണ് 68,000 രൂപ നഷ്ടമായത്. പണം നഷ്ടമായ കാര്യം പിറ്റേ ദിവസമാണ് അറിയുന്നത്. സിസിടിവി ദൃശ്യം പരിശോധിച്ച് സ്ഥിരീകരിച്ച ശേഷം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അര മണിക്കൂർ ഇടവിട്ട് 2 തവണ ആയാണ് തുക പിൻവലിച്ചത്. നേരത്തെ പേയ്ടിഎം സ്ഥാപിക്കുന്നതിന് ഇയാൾ കടയിൽ എത്തിയിരുന്നതിനാൽ സംശയം തോന്നിയിരുന്നില്ല. ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.