കോഴിക്കോട്: വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. കടുത്ത മദ്യപാനിയായ ഫൈജാസ് ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് സ്ഥലം കൗൺസിലർ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്‌ച ഫൈജാസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ കേസിലാണ് ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇന്ന് പുലർച്ചെയാണ് ഫൈജാസിൻ്റെ വീട് ഭാഗികമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യപിച്ചാൽ അയൽവീടുകളുടെ വാതിലിൽ മുട്ടി ബഹളം വെക്കുന്ന പതിവുണ്ടെന്ന് കൗൺസിലർ പറയുന്നു. നാട്ടിലേക്ക് പുറത്തുനിന്ന് ആര് വന്നാലും ഫൈജാസ് ചോദ്യം ചെയ്യുമെന്നാണ് മറ്റൊരു ആരോപണം. ഇത്തരത്തിൽ ഒരു വിദ്യാർത്ഥിയെ കുത്തി പരുക്കേൽപ്പിച്ചിട്ടുണ്ട്. ഭട്ട് റോഡിൽ വച്ച് നാട്ടുകാരനായ ഒരാളെ വെട്ടിയും പരുക്കേൽപ്പിച്ചിട്ടുണ്ടെന്ന് കൗൺസിലർ ആരോപിക്കുന്നു. ഫൈജാസ് ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നതെന്നും ഇവിടെ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് പതിവാണെന്നും കൗൺസിലർ പറഞ്ഞു.