കൊച്ചി: ലഹരി ഉപയോഗിച്ചതിന് ഗൂഢാലോചന നടത്തിയതിനും നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് കൊച്ചി നോർത്ത് പൊലീസ്. എൻ.ഡി.പി.എസ് നിയമത്തിലെ 27, 29 വകുപ്പുകൾ പ്രകാരമാണ് ഷൈനെതിരെ പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഷൈനെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും. അതിനു ശേഷം സ്റ്റേഷൻ ജാമ്യം നൽകും.
ചോദ്യം ചെയ്യലിനിടെ ഷൈനിന്റെ മൊഴികളിൽ പൊലീസ് വൈരുധ്യം കണ്ടെത്തിയിരുന്നു. ഷൈനിന്റെ ഫോൺകോളുകളാണ് അന്വേഷണത്തിൽ നിർണായകമായത്. ലഹരി റാക്കറ്റുമായുള്ള ബന്ധം സംശയിച്ച് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മൂന്നുമണിക്കൂറിലേറെ നീണ്ടു. ചോദ്യം ചെയ്യലിനായി 32 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി പൊലീസ് തയാറാക്കിയിരുന്നു. തുടർച്ചയായ ചോദ്യങ്ങളിൽ ഉത്തരം നൽകാൻ കഴിയാതെ ഷൈൻ പതറി. ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരനെ അറിയാമെന്ന് ഷൈൻ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.