മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുംബൈയിലെ ഇ.ഡി ഓഫീസിൽ വൻ തീപിടിത്തം. ബല്ലാർഡ് എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഓഫീസിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പുലർച്ചെ രണ്ടരയോടെയായിരുന്നു തീപിടിത്തം സംബന്ധിച്ച് ഫയർഫോഴ്സിന് ഫോൺ ലഭിക്കുന്നത്. തുടർന്ന് ഉടൻ തന്നെ ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. എന്നാൽ, പെട്ടെന്ന് തീയണക്കാൻ അവർക്ക് സാധിച്ചില്ല. മൂന്നരയോടെ തീ രണ്ടാം നിലയിലേക്ക് പടർന്നു.
നാലാംനിലയിലേക്ക് വരെ തീപടർന്നുവെന്നാണ് സൂചന. തീയണക്കാനായി എട്ട് ഫയർ എഞ്ചിനുകൾ, ആറ് ജംബോ ടാങ്കറുകൾ, റെസക്യു വാൻ, ക്വിക്ക് റെസ്പോൺസ് വാഹനങ്ങൾ, ആംബുലൻസ് എന്നിവയെല്ലാം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.