കോട്ടയം:പാലാ വള്ളിച്ചിറയിൽ ഒരാൾ കുത്തേറ്റു മരിച്ചു. പാലാ വള്ളിച്ചിറയിൽ വലിയ കാലായിൽ പി ജെ ബേബി മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ എൽ ഫിലിപ്പോസാണ് കുത്തിയത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നിലവിൽ ഉണ്ടായിരുന്നു. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തതും നിലവിലുണ്ട്. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ കാലങ്ങളായി തർക്കങ്ങളും നിലവിലുണ്ടായിരുന്നു.
ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറുമാസമായി മറ്റൊരാൾക്ക് ദിവസവാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും. പള്ളിയിലേക്ക് പോകും വഴിയാണ് ബേബി ഹോട്ടലിൽ കയറിയത്. രാവിലെ ചായക്കടയിൽ എത്തിയപ്പോൾ സാമ്പത്തികം സംബന്ധിച്ച് ഇരുവരും തർക്കം ഉണ്ടാവുകയും ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയുമായിരുന്നു. നെഞ്ചിൽ കുത്തേറ്റ ബേബിയെ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബേബിയെ കുത്തിയ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.