കോഴിക്കോട്: ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പില്‍ നിന്ന് വെള്ളം മോഷ്ടിച്ച സ്വകാര്യ ആശുപത്രിയുടെ കണക്ഷന്‍ അധികൃതര്‍ വിച്ഛേദിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് നടപടി. ജല അതോറിറ്റിയുടെ വിതരണ ലൈനില്‍ നിന്ന് അനധികൃതമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം ചോര്‍ത്തുന്നതായി പരിശോധനയിൽ കണ്ടെത്തി.
ആശുപത്രിയില്‍ ജല അതോറിറ്റിയുടെ മൂന്ന് കണക്ഷനുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് ഉടമസ്ഥന്റെ ആവശ്യപ്രകാരം ഡിസ്‌കണക്ട് ചെയ്തു. അവശേഷിച്ച രണ്ട് കണക്ഷനുകളില്‍ നിരന്തരം റീഡിംഗ് കാണിക്കാത്തത് മീറ്ററിന്റെ തകരാര്‍ മൂലമാകാം എന്ന നിഗമനത്തില്‍ ഒരു കണക്ഷനിലെ മീറ്റര്‍ മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു.
പിന്നെയും റീഡിംഗ് കാണിക്കാതെ വന്നപ്പോഴാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്ജല അതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പില്‍ നിന്ന് വാട്ടര്‍ മീറ്റര്‍ ഇല്ലാതെ നേരിട്ട് കുടിവെള്ളം ചോര്‍ത്തുന്നതായി അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ആശുപത്രിയിലേക്ക് മീറ്റര്‍ വഴി കുടിവെള്ളം എത്തുന്നില്ലെന്ന് ആദ്യം കണ്ടെത്തി. അതേസമയം ആശുപത്രിയുടെ പിറകുവശത്തെ ടാങ്കിലേക്ക് കുടിവെള്ളം എത്തുന്നതിൽ തടസമൊന്നുമില്ലെന്നും പരിശോധനയിൽ വ്യക്തമായി. തുടര്‍ന്ന് ലൈന്‍ കടന്നുപോകുന്ന ഭാഗം കുഴിച്ച നോക്കി. അപ്പോള്‍ ജല അതോറിറ്റിയുടെ വിതരണ ലൈനില്‍ നിന്ന് അനധികൃതമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം ചോര്‍ത്തുന്നതായി സ്ഥിരീകരിച്ചു.
ജലമോഷണം കണ്ടെത്തിയതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡി. ദിപിന്‍ ലാല്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ സി. ബീന, മീറ്റര്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ആന്റി തെഫ്റ്റ് സ്‌ക്വാഡാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.