പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി എൻ ഐ എ. ദൃക്സാക്ഷികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പഹൽഗാമിലെ ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ നിർണായക തെളിവായേക്കും. അതിനിടെ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന വിവരങ്ങൾ പുറത്തുവന്നു. അക്രമികളെ സഹായിച്ച പ്രാദേശിക ഭീകരനെ പറ്റി കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം തേടും.
അതേസമയം ഭീകരരുടെ വീട് തകർക്കുന്ന സൈന്യത്തിന്റെ നടപടിക്കെതിരെ കാശ്മീരിലെ വിവിധ സംഘടനാ നേതാക്കൾ രംഗത്തെത്തി. വീട് പൊളിക്കൽ നടപടി വിവേചന രഹിതമാണെന്നും നിരപരാധികളെ ബാധിക്കുന്നതെന്നും നേതാക്കൾ പ്രതികരിച്ചു. ഇത്തരം നടപടികൾ നിർത്തണമെന്നും നേതാക്കൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം ജമ്മു കശ്മീരിൽ സൈനിക വിന്യാസം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ അറുപതോളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 48 മണിക്കൂറിനിടെ ആറോളം ഭീകരരുടെ വീടാണ് തകര്‍ത്തത്. ശ്രീനഗര്‍, സൗര, ലാല്‍ ബസാര്‍, സബിദാല്‍ ഏരിയകളില്‍ റെയ്ഡ് നടത്തിയതായി ജമ്മു കശ്മീര്‍ പൊലീസ് വക്താവ് അറിയിച്ചു. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 3 ഭീകരരുടെ കൂടെ വീടുകള്‍ തകര്‍ത്തതായാണ് വിവരം. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള ഫാറൂഖ് അഹമ്മദ് തദ്വയുടെ വീടാണ് ഏറ്റവും അവസാനമായി തകര്‍ത്തത്.
അതിനിടെ, ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സൈനിക യൂണിഫോമുകൾ, കോംബാറ്റ് പാറ്റേൺ വസ്ത്രങ്ങൾ എന്നിവ വിൽക്കുന്നതിനും നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും നിരോധം ഏർപ്പെടുത്തി. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൈനിക വസ്ത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അധികൃതർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.