ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം രാത്രിയും വെടിനിർത്തൽ ലംഘിച്ച പാകിസ്താന് തക്ക മറുപടി നൽകി ഇന്ത്യ. പഹൽഗാം ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അസ്വസ്ഥതകൾ നിലനിൽക്കുന്ന സന്ദർഭത്തിലാണ് വെടി വെയ്പ്പ്.
ഏപ്രിൽ28-29 തീയതികളിൽ രാത്രി സമയത്താണ് കുപ്‌വാര, ബാരാമുള്ള ജില്ലയിലെ അതിർത്തി പ്രദേശത്ത് ആക്രമണം അഴിച്ചു വിട്ടത്. വ്യാഴാഴ്ച രാത്രി മുതൽ ഇന്ത്യൻ അതിർത്തിയിലേക്ക് പാകിസ്താൻ വെടിയുതിർത്ത് പ്രകോപനം നടത്തുന്നുണ്ട്. എന്നാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭീകരാക്രമണത്തിന് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ച് എൻഐഎ. സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, പാക് പ്രകോപനത്തിനിടെ അതിർത്തിയിൽ ഇന്ത്യ സേന വിന്യാസം വർധിപ്പിച്ചു. യുദ്ധം ഉടനെന്ന പാക് മന്ത്രിയുടെ പ്രസ്താവന കേന്ദ്രം പരിശോധിക്കുകയാണ്.
ജമ്മു കാശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരർ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് സൂചന. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞു കയറിയവരാണ് ഭീകരാക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സാംബ, കത്തുവ മേഖല വഴിയാണ് ഇവർ ഇന്ത്യയിൽ കയറിയത്. കാട്ടിൽ ഒളിക്കാൻ പരിശീലനം കിട്ടിയ ഹുസൈൻ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുൽഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവർ ആക്രമണങ്ങൾ നടത്തി. അനന്ത്നാഗിലെ മലനിരകളിൽ സംഘം ഇപ്പോഴുണ്ടെന്ന് സുരക്ഷ സേനയുടെ അനുമാനം.
പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ സേനവിന്യാസം ശക്തമാക്കി. സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയിൽ ഇന്ത്യ പരിശോധന തുടങ്ങി. യുദ്ധം ആസന്നമാണെന്നായിരുന്നു പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സിനോട് വ്യക്തമാക്കിയത്. പിന്നീട് അദ്ദേഹം പ്രസ്താവന പിൻവലിക്കുകയും ചെയ്തു.
പാകിസ്ഥാൻ്റെ പ്രസ്താവനകൾ ഭയത്തിൻ്റെ സൂചനയെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. അതേസമയം, ഇന്ത്യയുടെ യുദ്ധ പദ്ധതി ചോർന്നെന്ന പാക് ആരോപണം കേന്ദ്രം തള്ളി. ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ഇന്ത്യയുമായുള്ള തർക്കം നയതന്ത്ര ചർച്ചയിലൂടെ തീർക്കണമെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. സർക്കാരിന് ഈ നിർദ്ദേശം ഷെരീഫ് നൽകിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.