കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ വാടക വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 53 ഗ്യാസ് സിലിണ്ടർ പിടികൂടി. ഗ്യാസ് സിലിണ്ടറുകളും റീ ഫിൽ ചെയ്യാനുള്ള മെഷീനുമാണ് പിടിച്ചെടുത്തത്. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകളും ഉപകരണങ്ങളും പിടിച്ചെടുത്തത്.ഗാർഹികാവശ്യത്തിനുള്ള ഗ്യാസ് സിലണ്ടറിൽ നിന്നും വാണിജ്യ സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റാനാണ് സിലിണ്ടറുകൾ സൂക്ഷിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കൂരാച്ചുണ്ട് സ്വദേശി ജയൻ ജോസ് വാടകക്കെടുത്ത വീട്ടിൽ നിന്നാണ് ഗ്യാസ് സിലിണ്ടർ ശേഖരം കണ്ടെടുത്തത്.
ഗാർഹിക ഗ്യാസ് സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും വിലയിൽ വ്യത്യാസമുണ്ട്. ഗാർഹിക ഗ്യാസ് സിലിണ്ടറുകളെ ഗ്യാസ് വാണിജ്യ സിലിണ്ടറിലേക്ക് മാറ്റി പണമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ അനധികൃത ഗ്യാസ് റീ ഫില്ലിങ് കേന്ദ്രം നടത്തിയിരുന്നതെന്നാണ് നിഗമനം.