നാദാപുരത്ത് കല്ലാച്ചി- വളയം റോഡിൽ വീണ്ടും അതിരുവിട്ട കല്ല്യാണ ആഘോഷം. നടുറോഡിൽ അപകടകരമായും ഗതാഗത തടസ്സമുണ്ടാക്കിയുമാണ് ഒരുകൂട്ടമാളുകൾ കഴിഞ്ഞ ദിവസം പടക്കം പൊട്ടിച്ചത്.
ദിവസങ്ങൾക്ക് മുൻപ് അതിരുവിട്ട വിവാഹ ആഘോഷങ്ങളും മറ്റും നിയന്ത്രിക്കുമെന്ന ഡിവൈ എസ്പിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന്റെ തീരുമാനം ലംഘിക്കുന്ന തരത്തിലാണ് സംഭവമുണ്ടായത്.
ഇന്നലെ വൈകീട്ട് ആറോടെ വളയം റോഡിൽ കുരുന്നംകണ്ടി മുക്കിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാർ ഇത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നാദാപുരം പൊലീസ് സ്റ്റേഷന് സമീപത്തെ വധൂഗൃഹത്തിൽ നിന്ന് കുരുന്നംകണ്ടി മുക്കിലെ വരന്റെ വീട്ടിൽ വിവാഹസംഘം മടങ്ങി എത്തിയ ഉടനെയാണ് നടുറോഡിലിട്ട് മാലപ്പടക്കത്തിന് തീ കൊളുത്തിയത്.
പടക്കം പൊട്ടിത്തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. അടിക്കടി പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ വിവാഹ വേളകളിൽ ഗാനമേളയും ഡിജെ പാർട്ടിയും റോഡിൽ വച്ച് പടക്കം പൊട്ടിക്കുന്നതും അനുവദിക്കേണ്ടതില്ലെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. ദിസവങ്ങൾക്കുള്ളിൽ തന്നെ തീരുമാനം ലംഘിക്കപ്പെട്ട സാഹചര്യത്തിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.