ബസ് കാത്തുനിൽക്കുകയായിരുന്ന സ്ത്രീയെ ലിഫ്റ്റ് കൊടുക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി പെപ്പർ സ്‌പ്രേ പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ 50കാരന് കഠിന തടവും പിഴയും. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് (50 വയസ്) 9 വർഷം കഠിന തടവിനും 50,000 രൂപ പിഴയടയ്ക്കാനും കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 1 ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്.
2019 ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. തവിഞ്ഞാൽ 43ാം മൈലിൽ ബസ് കാത്തുനിൽക്കുകയായിരുന്നു ആക്രമണത്തിന് ഇരയായ സ്ത്രീ. മുജീബ് അവരുടെ അടുത്ത് കാര്‍ നിര്‍ത്തിയ ശേഷം, ബസ് വരാന്‍ വൈകും, ലിഫ്റ്റ് തരാമെന്ന് പറഞ്ഞു. അങ്ങനെ സ്ത്രീയെ കാറിൽ കയറ്റി ബലമായി തട്ടിക്കൊണ്ടുപോയി പെപ്പർ സ്‌പ്രേ പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചകേസിലാണ് വിധി.
ലൈംഗീകാതിക്രമത്തിനിടെ രക്ഷപ്പെടാനായി അതിജീവിത കാറിൽ നിന്നും ചാടി. പിറകേ വന്ന ബസ് ജീവനക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 49 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ആളാണ് മുജീബ്. ഇയാള്‍ക്കെതിരെ കൊലപാതക കേസ് അടക്കം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2019ല്‍ തലപ്പുഴ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന പി.ജെ ജിമ്മിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.