കണ്ണൂർ: ഇരിട്ടി പായം കേളന്‍പീടികയിൽ യുവതി വീട്ടിൽ ജീവനൊടുക്കിയതിന് പിന്നിൽ ഭർതൃപീഡനമെന്ന് പരാതി. കേളന്‍പീടിക സ്വദേശി സ്നേഹ(24)യാണ് ഇന്നലെ വൈകിട്ട് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ ഭർത്താവ് ലോറി ഡ്രൈവറായ കോളിത്തട്ട് സ്വദേശി ജിനീഷിനെ ഇരിട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്ത്രീധനത്തിന്റെ പേരിലും കുഞ്ഞിന്റെ നിറം തന്റേതുപോലെയല്ല എന്ന് പറഞ്ഞും ഭർത്താവ് പീഡിപ്പിച്ചിരുന്നതായി സ്നേഹയുടെ ബന്ധുക്കൾ പറയുന്നു. പലതവണ ഉപദ്രവം സഹിക്കാനാവാതെ രാത്രിയടക്കം സ്നേഹ വിളിച്ചതനുസരിച്ച് ബന്ധുക്കൾ പോയി കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. ഭർതൃപീഡനം സംബന്ധിച്ച് സ്നേഹയുടെ ആത്മഹത്യാ കുറിപ്പിലും പരാമർശമുണ്ട്. ‘തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമാണ്’ എന്നാണ് രണ്ട് വരി ആത്മഹത്യ കുറിപ്പിൽ പറയുന്നത്.
2020 ജനുവരി 21നായിരുന്നു സ്‌നേഹയുടെയും ജിനീഷിന്റെയും വിവാഹം. തുടക്കംമുതൽ ജിനീഷ് സംശയരോഗമുള്ളയാളായിരുന്നുവത്രെ. ഇരുവര്‍ക്കും മൂന്ന് വയസുള്ള കുഞ്ഞുമുണ്ട്. കുഞ്ഞിന്റെ നിറത്തിന്റെ പേരിലും സ്‌നേഹയെ ഉപദ്രവിക്കാൻ തുടങ്ങി. കുഞ്ഞ് വെളുത്തിട്ടാണെന്നും തന്റെ നിറമല്ലെന്നും പറഞ്ഞായിരുന്നു മർദനം. സ്ത്രീധനമായി നല്‍കിയ സ്വര്‍ണം കുറഞ്ഞുപോയി എന്ന് പറഞ്ഞും പീഡിപ്പിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.