കോഴിക്കോട്: യുവാവ് സഹോദരന് വാങ്ങി നല്‍കിയ ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് ലഹരി വില്‍പ്പനയിലൂടെ സാമ്പാദിച്ച പണത്തിലൂടെയെന്ന് പോലീസിൻ്റെ കണ്ടെത്തൽ. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി തോണിച്ചിറ കരിമ്പാടന്‍ കോളനിയിലെ കെ.അജിത്ത് (22), തന്‍റെ സഹോദരന് സമ്മാനമായി നല്‍കിയ യമഹ എഫ്‌സി മോഡല്‍ ബൈക്കാണ് ലഹരി വില്‍പ്പനയിലൂടെ നേടിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബൈക്ക് പോലീസ് കണ്ടുകെട്ടി.
സ്മഗ്ലേഴ്‌സ് ആൻഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റി (എസ്എഎഫ്ഇഎംഎ) ഉത്തരവ് പ്രകാരമാണ് പൊലീസിന്റെ നടപടി. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് 89 ഗ്രാം എംഡിഎംഎയുമായാണ് അജിത്തിനെ പൊലീസ് പിടികൂടിയിരുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി വില്‍പനയിലൂടെ വാങ്ങിയ ബൈക്ക് സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കിയത്.