കോഴിക്കോട്: നഗരത്തെ മുൾമുനയിൽ നിർത്തി യാത്രക്കാരെ കത്തി കാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസീർ (21) എന്ന അച്ചാർ ആണ് പിടിയിലായത്. കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടി കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 27,28 തീയതികളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്.
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം വെച്ച് ബൈക്ക് യാത്രക്കാരനായ ബേപ്പൂർ സ്വദേശിയെയുംകോട്ടപ്പറമ്പ് ഹോസ്പിറ്റലിന് മുൻവശം വെച്ച്പാളയം സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ഷംസീർ അടങ്ങിയ സംഘം കത്തി കാണിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തി കയ്യിലുള്ള മൊബൈൽ ഫോണും പണവും പിടിച്ചു പറക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കസബ പോലീസ് മുഖ്യപ്രതിയെയും അയാൾ ഉപയോഗിച്ചിരുന്ന വാഹനവും തിരിച്ചറിയുകയും മുഖ്യപ്രതിയായ ഷംസീറിനെ ഇയാളുടെ വീടിനടുത്ത് ചാമുണ്ഡി വളപ്പിൽ വെച്ച് കവർച്ചക്ക് ഉപയോഗിച്ച സ്കൂട്ടറും കത്തിയും പിടിച്ചുപറിച്ച മൊബൈൽ ഫോണും അടക്കം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കോഴിക്കോട് സിറ്റിയിൽ കസബ, ഫറോക്ക്, ബേപ്പൂർ, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണ, കവർച്ച, ലഹരി കേസുകളിൽ പ്രതിയാണ് ഷംസീർ.
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചങ്കിലും അതി സാഹസികമായി പോലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കസബ ഇൻസ്പെക്ടർ കിരൺ 'സി .നായർ സബ്ബ് ഇ ൻസ്പെക്ടർ സജീവ് കുമാർ,എസ് ഐ സജീഷ് കുമാർ പി, സീനിയർ സിപിഒ മാരായ രാജീവ് കുമാർ പാലത്ത്, ലാൽ സിതാര സി പി ഒ സുമിത്ത് ചാൾസ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു എം, ബൈജു പി.കെ, സുജിത്ത് സി.കെ, ദിപിൻ എൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.