കല്‍പ്പറ്റ: പൊലീസ് സ്റ്റേഷനിൽ ആദിവാസി ബാലൻ ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഡിജിപി ശുപാർശ ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് അടിമുടി വീഴ്ച വന്ന സംഭവം ഒടുവിൽ സിബിഐ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗോകുലിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കേയാണ് സിബിഐ അന്വേഷണത്തിന് ഡിജിപി ശുപാർശ ചെയ്തത്.
സംഭവത്തിൽ കോടതി പൊലീസിനോട് നേരത്തെ റിപ്പോർട്ട് ചോദിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ ഗോകുലിന്‍റെ മൃതദേഹം കണ്ടെത്തിയത്. വയനാട് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. പെൺകുട്ടിയെയും ഗോകുലിനെയും കോഴിക്കോട് നിന്ന് കണ്ടെത്തിയ പൊലീസ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കാണിച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
പോക്സോ കേസ് ചുമത്താനായി കസ്റ്റഡിയിലെടുത്ത ഗോകുലിനെ രാത്രി മുഴുവൻ സ്റ്റേഷനിൽ തുടരാൻ കൽപ്പറ്റ പൊലീസ് ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ ഗോകുലിന് 18 വയസ്സ് പ്രായം പൂർത്തിയായിട്ടില്ലെന്നിരിക്കേ ആയിരുന്നു പോലീസിന്റെ ഈ ഗുരുതര വീഴ്ച. ഗോകുലിന്റെത് ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ കേസ് അന്വേഷണത്തിനിടെ കുടുംബത്തിന് പൊലീസിന്റെ ഭീഷണി ഉണ്ടായിരുന്നുവെന്നും ബന്ധുക്കളുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.