പയ്യന്നൂര്‍: വിൽപനക്കായി കാറിൽ കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവതിയെയും രണ്ട് യുവാക്കളെയും പൊലീസ് പിടികൂടി. കുഞ്ഞിമംഗലം എടാട്ട് തുരുത്തി റോഡിലെ പി. പ്രജിത (29), എടാട്ടെ കെ.പി. ഷിജിനാസ് (34), വിൽപനക്കായി എം.ഡി.എം.എ എത്തിച്ച പെരുമ്പ കോറോം റോഡിലെ പി. ഷഹബാസ് (30) എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂർ ഡി.വൈ.എസ്.പി കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ. ഹേമന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ 2.45ഓടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂര്‍ കോളജ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്. കാർ നിർത്തിയിട്ടത് കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടികൂടിയത്. കാറും മൊബൈൽഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ സ്വദേശി ഷഫീഖ് എന്നയാളില്‍നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകി. ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റല്‍ ത്രാസും കാറില്‍നിന്ന് പൊലീസ് കണ്ടെടുത്തു.