ന്യൂഡല്‍ഹി: പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാതയിൽ വിലക്കേർപ്പെടുത്തി. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാറിന്‍റെ നടപടി.
ഇതോടെ പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാകിസ്താനിലേക്ക് സര്‍വിസ് നടത്തുന്ന കമ്പനികള്‍ക്കും ഇനി ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാനാകില്ല. പാകിസ്താന്‍റെ യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.
പാകിസ്താൻ വഴി ഇന്ത്യയിലെത്തുന്ന വിദേശ വിമാന സർവിസുകൾക്ക് വിലക്കില്ല. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികൾക്കു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്കു പാകിസ്താൻ അനുമതി നിഷേധിച്ചത്. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താന് സൈനിക തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതിനുപിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷവും യുദ്ധവുമൊഴിവാക്കാൻ ഐക്യരാഷ്ട്ര സഭ (യു.എൻ) യും വിദേശ രാജ്യങ്ങളും മാധ്യസ്ഥ നീക്കം നടത്തുന്നുണ്ട്. അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ തങ്ങൾക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം പക്കലുണ്ടെന്ന് പാകിസ്താൻ അവകാശപ്പെട്ടതിനിടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇരു രാജ്യങ്ങളുമായി ഫോണിൽ സംസാരിച്ചു. ഇതുകൂടാതെ യു.എസും സൗദിയും സംഘർഷാവസ്ഥ ലഘൂകരിക്കാൻ മാധ്യസ്ഥനീക്കം തുടങ്ങിയിട്ടുണ്ട്.