കൊച്ചി: എൻജിനിയറിങ് കൺസൾട്ടൻസി സ്ഥാപന ഉടമയിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷനിലെ വനിത ഓവർസിയർ വിജിലൻസ് പിടിയിൽ. കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ തൃശ്ശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനി സ്വപ്നയാണ് (37) പിടിയിലായത്. വിജിലൻസ് തയ്യാറാക്കിയിട്ടുള്ള കൈക്കൂലിക്കാരുടെ പട്ടികയിലുള്ളയാളായിരുന്നു സ്വപ്നയെന്ന് വിജിലൻസ് എസ് പി അറിയിച്ചു . കൊച്ചി കോര്‍പ്പറേഷനിലെ പല സോണല്‍ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തിയിരുന്നു.
എറണാകുളം സ്വദേശിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. കോർപറേഷൻ പരിധിയിൽ അഞ്ചുനില കെട്ടിടം പണിയുന്നതിനുള്ള പെർമിറ്റിനായാണ് പരാതിക്കാരൻ നഗരസഭയിൽ എത്തുന്നത്. എന്നാൽ അഞ്ച് നിലയുള്ള കെട്ടിടത്തിന് അംഗീകാരം നൽകണമെങ്കിൽ 5000 രൂപ വെച്ച് 25000 രൂപ നൽകണമെന്നാണ് സ്വപ്ന ആദ്യം ആവശ്യപ്പെട്ടത്. താന്‍ സാധാരണ വാങ്ങുന്ന തുകയാണ് ഇതെന്ന് സ്വപ്ന പറഞ്ഞതായി പരാതിക്കാരൻ പറയുന്നു. തുടർന്നുള്ള വിലപേശലില്‍ 15000 രൂപ മതിയെന്ന് സ്വപ്ന പറയുകയായിരുന്നു. ഇതോടെ പരാതിക്കാരൻ എറണാകുളം വിജിലൻസ് സെൻട്രൽ യൂണിറ്റ് എസ്.പിയ്ക്ക് നേരിട്ട് പരാതി നൽകി.
വിജിലൻസിന്റെ നിർദ്ദേശ പ്രകാരം പരാതിക്കാരൻ വൈകുന്നേരം അഞ്ച് മണിക്ക് പണം നല്‍കാമെന്ന് സ്വപ്നയെ അറിയിച്ചു. ഇതനുസരിച്ച് കൊച്ചി കണിയാമ്പുഴയിലെ അസറ്റ് ഹോംസിലെ താമസസ്ഥലത്തു നിന്നും സ്വന്തം കാറില്‍ തൃശ്ശൂരിലെ വീട്ടിലേക്ക് പോകവേ പണം വാങ്ങിക്കാമെന്ന് സ്വപ്ന പരാതിക്കാരനെ അറിയിച്ചു. തുടർന്ന് വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുമായി പാരാതിക്കാരന്‍ വൈറ്റിലയില്‍ എത്തി. തന്റെ മൂന്ന് മക്കള്‍ക്കൊപ്പം കാറിലാണ് സ്വപ്‌ന പണം വാങ്ങാൻ എത്തിയത്. വൈറ്റില ഹബ്ബിനടുത്ത് വെച്ച് പണം വാങ്ങാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് പൊന്നുരുന്നിയില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. സ്വപ്ന പണം വാങ്ങിയ ഉടൻ വിജിലന്‍സ് സംഘം കാര്‍ വളഞ്ഞു. വിജിലന്‍സ് ഉദ്യോഗസ്ഥരേ കണ്ട സ്വപ്ന രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്വപ്നയുടെ കയ്യിലെ ഫിനൊഫ്തലിൻ പുരണ്ട നോട്ടുകൾ കണ്ടെത്തി രാസ പരിശോധന നടത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.