മംഗളൂരു: മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടിയെ അക്രമികൾ വെട്ടിക്കൊന്നു. അജ്ഞാത സംഘം സുഹാസിനെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചതായാണ് റിപ്പോർട്ട്. ബാജ്പേ കിന്നി പടവു എന്ന സ്ഥലത്ത് വെച്ചാണ് സുഹാസ് ആക്രമിക്കപ്പെട്ടത്.
നിലവിൽ സുഹാസ് ഷെട്ടി ബജ്രംഗ്ദളിൽ സജീവമല്ല. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുഹാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മൂന്ന് വർഷം മുമ്പ് നടന്ന സുറത്കൽ ഫാസിൽ കൊലക്കേസിലെ ഒന്നാം പ്രതിയും ഗുണ്ടാസംഘത്തിലെ അംഗവുമാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്.