ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും(എൻ.സി.ആർ)കനത്ത മഴയും കാറ്റും. ചില ഭാഗങ്ങളിൽ പൊടിക്കാറ്റും അനുഭവപ്പെട്ടു. ശക്തമായ കാറ്റിൽ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വ്യോമ ഗതാഗതം തടസ്സപ്പെട്ടു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന്എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ കിഴക്കൻ, വടക്കൻ, ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
മേയിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ നേരിയ മഴയോ ഇടയ്ക്കിടെയുള്ള കാറ്റോടു കൂടിയ മഴയോ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നഗരത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിലെല്ലാം മഴയും കാറ്റും പ്രതീക്ഷിക്കാം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. ചിലപ്പോൾ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ മൂന്ന് ദിവസങ്ങളിൽ മേഘാവൃതമായ ആകാശവും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.