കൊച്ചി: സിനിമാ - സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്ത് സജീവമായിരുന്നു.
നടൻ കിഷോർ സത്യയാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ' ഒരു സങ്കട വാർത്ത... വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ... അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു'- കിഷോർ സത്യ കുറിച്ചു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെൺ മക്കളാണുള്ളത്