പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11.45ന് റോഡ് മുറിച്ചു കടന്ന് പുലി മലമുകളിലേക്ക് കയറിപ്പോകുന്ന ദൃശ്യമാണ് പതിഞ്ഞത്.
മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമല മാട് റോഡിലാണ് പുലിയിറങ്ങിയത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് രാപകൽ ഭേദമന്യേ കടന്നുപോകുന്നത്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടിയുടെയും പെരിന്തൽമണ്ണ നഗരസഭ അതിർത്തിപ്രദേശമായ മാട് റോഡ് പ്രദേശത്തിനും ഇടയിൽ മലയടിവാരത്ത് വീടുകൾക്ക് സമീപമാണ് പുലിയുടെ സാന്നിധ്യം.
നൂറുകണക്കിന് വീടുകളാണ് ഇവിടെയുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് രാത്രിയും ഇതേ പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. അന്നും ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. തുടർന്ന്, പുലിയുടെ സാന്നിധ്യമുണ്ടായ രണ്ട് പ്രദേശങ്ങളിൽ കെണികൾ സ്ഥാപിച്ചെങ്കിലും പുലി വീണില്ല. വർഷങ്ങളായി പുലിയുടെ സാന്നിധ്യം ഈ ഭാഗങ്ങളിൽ ഉണ്ട്. വനം വകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.