കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ യുപിഎസ് റൂമിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. മൂന്ന് മരണം സംഭവിച്ചത് അപകടമുണ്ടാകുന്നതിന് മുൻപാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. മരിച്ച മൂന്ന് പേരിൽ ഒരാൾ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന സ്ത്രീയാണ്. രണ്ടാമത്തെയാൾ ക്യാൻസർ രോഗിയും മൂന്നാമത്തെയാൾക്ക് കരൾ രോഗവും മറ്റ് പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു. നാലാമത്തെയാളുടെ മരണം ആശുപത്രിയിൽ എത്തും മുൻപ് തന്നെ സംഭവിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, വയനാട് സ്വദേശി നസീറ എന്നിവരാണ് മരിച്ച നാല് പേർ. മരിച്ച ഗോപാലൻ്റെ ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഗോപാലൻ്റെ കാര്യത്തിൽ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടില്ല. മരിച്ച അഞ്ചാമന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ ഒരു രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു.