കോവിഡ് രോഗ ബാധിതയ്ക്ക് ഇൻഷുറൻസ് തുക തടഞ്ഞ സംഭവത്തിൽ 2.5 ലക്ഷം രൂപയും കോടതി ചെലവും നൽകണമെന്ന് ഉപഭോക്ത്യ കമ്മീഷൻ ഉത്തരവിട്ടു. മഞ്ചേരി മെഡിക്കൽ കോളേജിലെ 108 ആമ്പുലൻസിൽ നഴ്സായിരുന്ന ഇല്ലിക്കൽ പുറക്കാടി സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് കമ്മീഷൻ ഉത്തരവിട്ടത്.
ഇല്ലിക്കൽ പുറക്കാട് സ്വദേശി ജോസ്നാ മാത്യു ജോലിയിലിരിക്കെ കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായിരുന്നു. ഡിസ്ചാർജ്ജ് ചെയ്ത ശേഷം പതിനഞ്ചു ദിവസം മുട്ടിപ്പാലത്തുള്ള കോവിഡ് സെന്റെറിൽ ക്വാറൻൻ്റയിനിലുമായിരുന്നു. തുടർന്ന് കോറോണാ രക്ഷക് പോളിസി പ്രകാരം ഇൻഷുറൻസ് സംഖ്യയായ 2.5 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഇൻഷ്യുറൻസ് കമ്പനി അനുവദിച്ചില്ല. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശപ്രകാരം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത‌് ചികിൽസിക്കേണ്ട സാഹചര്യം പരാതിക്കാരിക്ക് ഉണ്ടായിരുന്നില്ല എന്നും അതിനാൽ ഇൻഷ്യുറൻസ് അനുവദിക്കില്ലെന്നുമാണ് കമ്പനി വാദിച്ചത്. എന്നാൽ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇൻഷുറൻസ് നിഷേധിച്ച നടപടി ശരിയല്ലെന്നും ഇൻഷുറൻസ് തുകയായ 2.5 ലക്ഷവും കോടതി ചെലവായി 5000 രൂപയും ഒരു മാസത്തിനകം പരാതിക്കാരിക്ക് നൽകണമെന്നും കമ്മീഷൻ വിധിച്ചു.
വീഴ്ചവന്നാൽ ഒമ്പത് ശതമാനം പലിശയും വിധിയായ തിയ്യതി മുതൽ നൽകേണ്ടിവരുമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞു. ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷ്യുറൻസ് കമ്പനിക്കെതിരായാണ് പരാതി നൽകിയത്.