കൊല്ലം :വാക്സിൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴുവയസുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു . നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സ്ഥിതി ആശങ്കാജനകമാണ് എന്ന് അധികൃതർ വ്യക്തമാക്കി. കുട്ടിയെ കടിച്ച നായ ചത്തതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി . കുട്ടിക്ക് ഇനി വാക്സിൻ്റെ അവസാന ഡോസ് മാത്രമേ എടുക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇതിനുമുമ്പാണ് കുട്ടിക്ക് പനി തുടങ്ങിയത്.കൊല്ലം ജില്ലയിൽ വിളക്കുടിയിലെ വീട്ടിൽവെച്ച് ഏപ്രിൽ എട്ടാംതീയതിയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്.
കുട്ടിയെ ഉടൻതന്നെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള ഐഡിആർ വാക്സിൻ ആദ്യ ഡോസ് നൽകുകയും ചെയ്തിരുന്നുവെന്നാണ് പറയുന്നത്. കൂടാതെ ആന്റി സെറവും എടുത്തു. എന്നാൽ അവസാന ഡോസിനുമുമ്പ് കുട്ടിക്ക് പനി തുടങ്ങി.
ഇതോടെ മാതാപിതാക്കൾ കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ആരോഗ്യസ്ഥിതി മോശമായതോടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയുടെ കാര്യത്തിൽ ഒരുതരത്തിലുള്ള വീഴ്ചയും വരുത്താഞ്ഞിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന ആശങ്കയിലാണ് കുട്ടിയുടെ മാതാപിതാക്കൾ.