ചെന്നൈ: പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരര്‍ വിമാനത്തില്‍ ഉണ്ടെന്ന സംശയത്തില്‍ ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന. 6 ഭീകരർ ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊളംബോ വിമാനത്താവളത്തിൽ വിശദമായ പരിശോധന നടത്തിയത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് പരിശോധന. അതേസമയം, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് വിമാന കമ്പനി അറിയിച്ചു. ചെന്നൈ ഏരിയ കൺട്രോൾ സെന്ററിൽ നിന്നുള്ള അറിയിപ്പിനെ തുടർന്നായിരുന്നു പരിശോധന.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ, പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിച്ചതിന് പിന്നാലെ പാകിസ്ഥാനെതിരെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. ദേശീയ സുരക്ഷയും പൊതുനയ താൽപ്പര്യങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും നിരോധനം ബാധകമാണ്.
പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി ക്രോസിംഗ് അടച്ചിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി പ്രധാനമായും ഔഷധ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയായിരുന്നു. 2019 ലെ പുൽവാമ ആക്രമണത്തിനു ശേഷം, പാകിസ്ഥാൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 200% തീരുവ ചുമത്തിയതോടെ ഇത്തരത്തിലുള്ള ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിരുന്നു.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്നാണ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. 2023 ലെ വിദേശ വ്യാപാര നയം ഭേദഗതി ചെയ്തുകൊണ്ടാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഏപ്രിൽ 22 നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഒരു നേപ്പാൾ വിനോദസഞ്ചാരിയെയും പ്രാദേശിക പോണി ഗൈഡ് ഓപ്പറേറ്ററും ഉൾപ്പെടെ 26 സാധാരണക്കാരെ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തത്. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന്‍റെ കൈകളുണ്ടെന്ന് ആരോപിച്ച് സിന്ധു നദീജല കരാർ റദ്ദാക്കുന്നത് അടക്കം കടുത്ത നടപടികൾ ഇന്ത്യ കൈക്കൊണ്ടിരുന്നു.
അതേസമയം, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ സംയമനം പാലിക്കണമെന്ന് യൂറോപ്പ്യൻ യൂണിയൻ ആവശ്യപ്പെട്ടു.