കോഴിക്കോട് രാത്രി യാത്രക്കാരെ കത്തികാണിച്ച് പണംതട്ടിയ കേസില്‍ നാലുപേര്‍കൂടി പിടിയില്‍. കവര്‍ച്ചയ്ക്കുപയോഗിച്ച വാഹനവും ആയുധവും തട്ടിയെടുത്ത മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ച മുന്‍പ് രാത്രിയില്‍ നഗരത്തില്‍ നടന്ന പിടിച്ചുപറിയുടെ സിസിടിവി ദൃശ്യമാണിത്.
കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്‍വശത്തൂടെ നടന്നുപോയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ സംഘം തടഞ്ഞു നിര്‍ത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും കവര്‍ന്നു. മറ്റ് പല ദിവസങ്ങളിലും രാത്രിയില്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നവരെ സംഘം ആക്രമിച്ച് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തിരുന്നു.
ടൂറിസ്റ്റ് ബസ് ഡ്രൈവറിന്‍റെ പരാതിയില്‍ മണിക്കൂറുകള്‍ക്കകം തന്നെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി മുഹമ്മദ് ഷംസീറിനെ ബുധനാഴ്ച പിടികൂടി. ഒപ്പമുണ്ടായിരുന്ന കായലം സ്വദേശികളായ രാജു, വിജേഷ്, ചക്കുംകടവ് സ്വദേശി ഫാസില്‍, ചേളന്നൂര്‍ സ്വദേശി സായൂജ്, കുതിരവട്ടം സ്വദേശി പ്രവീണ്‍ എന്നിവരെയാണ് ഇന്ന് കസബ പൊലീസ് പിടികൂടിയത്.
മുഹമ്മദ് ഷംസീറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളും ലഹരിക്കേസുകളുമുണ്ട്. ബാക്കയുള്ളവര്‍ക്കെതിരെ മറ്റ് കേസുകളുണ്ടോയെന്നറിയാന്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് കസബ പൊലീസ് അറിയിച്ചു