തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതിയുടെ നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. മാളപള്ളിപ്പുറം തേമാലിപറമ്പില്‍ അനീഷ് (41) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം കുന്നംകുളം - വെളിയങ്കോട് റൂട്ടിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വെളിയങ്കോട് സ്വദേശിയായ യുവതിയെ ഇയാള്‍ കയറിപിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നു ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.
ഇയാള്‍ക്കെതിരെ മാള സ്റ്റേഷനില്‍ സ്ത്രീപീഡന കേസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളം പള്ളുരുത്തി സ്വദേശിയായ ഇയാള്‍ മാളയിലാണ് താമസം. എവിടേയ്ക്ക് ആണ് പോയിരുന്നത് എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് പറഞ്ഞത്. എസ് ഐമാരായ സി എന്‍ ഗോപിനാഥന്‍, പി എ സുധീര്‍, പി എസ് സാബു, സി പി ഒമാരായ കെ സി ബിനീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്