കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിപ്പ്. കോഴിക്കോട് നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലായിരുന്നു ഈ കേന്ദ്രം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുൻപ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാൾക്കായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കി.
കേന്ദ്രത്തിൽനിന്ന് ഒരാഴ്ചമുൻപാണ് അതിസാഹസികമായി പെൺകുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്ന് ഇവർ അധികൃതരോടുപറഞ്ഞു. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോവാറ്. ഒരാഴ്ചമുൻപ് മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവർ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.