തിരുവനന്തപുരം:ചാർജിങ് സ്റ്റേഷനുകളിൽ ഇ-വാഹനം ചാർജ് ചെയ്യുന്നതിന് ദിവസം രണ്ടുനിരക്കുകൾ പ്രാബല്യത്തിലായി. രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുമണിവരെ കുറഞ്ഞനിരക്കും നാലുമുതൽ അടുത്ത ദിവസം രാവിലെ ഒൻപതുവരെ കൂടിയ നിരക്കുമായിരിക്കും ഈടാക്കുക. പകൽ സൗരോർജംകൂടി പ്രയോജനപ്പെടുത്താനാകുന്നതിനാൽ ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭ്യമാക്കാൻ റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിരുന്നു.
ചാർജിങ്ങിന് പൊതുവായ നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്. വൈകുന്നേരം നാലിനുമുൻപ് 30 ശതമാനം കുറവായിരിക്കും (യൂണിറ്റിന് അഞ്ചുരൂപ). അതിനുശേഷം 30 ശതമാനം കൂടുതൽ (9.30 രൂപ). ഇതിനുപുറമേ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജ് ഈടാക്കും.
ഇത്തവണ വൈദ്യുതിനിരക്ക് പരിഷ്കരിച്ചപ്പോൾ വാഹനച്ചാർജിങ്ങിന് രണ്ടുനിരക്ക് നിശ്ചയിച്ചിരുന്നു. വൈദ്യുതിനിരക്ക് കണക്കാക്കാൻ ദിവസത്തെ മൂന്ന് സമയമേഖലകളായി തിരിക്കുകയാണ് പതിവ്. എന്നാൽ, ചാർജിങ് സ്റ്റേഷനുകളുടെ കാര്യത്തിൽ സമയമേഖലകൾ രണ്ടായി ചുരുക്കിയിരുന്നു (രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെയും വൈകുന്നേരം നാലിനുശേഷം അടുത്തദിവസം രാവിലെ ഒൻപതു വരെയും)
ഈ സമയ മേഖലകൾക്ക് അനുസരിച്ച് മീറ്ററുകൾ ക്രമീകരിക്കാനും പുതിയവ സ്ഥാപിക്കാനും ഏപ്രിൽ ഒന്നുവരെയാണ് റെഗുലേറ്ററി കമ്മിഷൻ സമയം നൽകിയിരുന്നത്.
രാത്രിയിൽ കൂടുതൽ വാഹനങ്ങൾ ചാർജുചെയ്താൽ സൗരോർജംപോലുള്ള ഹരിതസ്രോതസ്സുകൾ പ്രയോജനപ്പെടുത്താനാവില്ല. ഇത് കാർബൺ വികിരണം കൂട്ടും. ഇ-വാഹനങ്ങൾ പ്രോത്സാഹിപ്പിച്ച് കാർബൺ വികിരണം കുറയ്ക്കുക എന്ന ലക്ഷ്യത്തിനും എതിരാണിത്. വാഹനച്ചാർജിങ് പകൽ നടത്തിയാൽ രാത്രിയിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാനുമാകും.