കൊച്ചി: ഫ്ലാറ്റിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സംവിധായകൻ സമീർ താഹിറിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എൻ.ഡി.പി.എസ് സെക്ഷൻ 25 പ്രകാരമാണ് കേസെടുത്തത്.
കൊച്ചിയിലെ എക്സൈസ് ഓഫിസിലാണ് ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഫ്ലാറ്റിലെ ലഹരി ഉപയോഗത്തെ കുറിച്ച് അറിയില്ലായെന്നാണ് മൊഴി നൽകിയത്. ഫ്ലാറ്റിൽ കഞ്ചാവ് ഉപയോഗിക്കാൻ സാഹചര്യം ഒരുക്കിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയെയും സഹായിയെയും കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. സംവിധായകർക്ക് കഞ്ചാവ് എത്തിച്ചു നൽകിയവർക്കായുള്ള അന്വേഷണം എക്സൈസ് ഊർജിതമാക്കി. കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തിൽ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ ഡയറക്ടേഴ്സ് യൂനിയനിൽ നിന്ന് ഫെഫ്ക സസ്പെൻഡ് ചെയ്തിരുന്നു.
ചെറിയ അളവ് കഞ്ചാവാണ് പിടികൂടിയതെന്നതിനാൽ മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ പുലർച്ചെ രണ്ട് മണിയോടെയാണ് പരിശോധന നടന്നത്. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയയെന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് ഖാലിദ്. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്.
വൻ വിജയമായ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ചെയ്തു. തമാശ, ഭീമന്റെ വഴി എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചയിതാവ് കൂടിയാണ് അഷ്റഫ് ഹംസ.