കോഴിക്കോട് കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. പെരുമണ്ണ സ്വദേശി പ്രശാന്ത് ആണ് മെഡിക്കല്‍ കോളജ് പൊലീസിന്‍റെ പിടിയിലായത്. അതിഥി തൊഴിലാളികളോടും, പ്രായമായവരോടും ബന്ധം സ്ഥാപിച്ചാണ് ഇയാളുടെ തട്ടിപ്പ്. ലഹരിക്കടിമയായ പ്രതി ആഡംബര ജീവിതത്തിനായാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. ബാര്‍, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ നിന്ന് ആളുകളോട് ബന്ധം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. അതിഥി തൊഴിലാളികളും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മോഷണം നടത്തിയ ബൈക്കില്‍ കറങ്ങുമ്പോഴാണ് ഇന്ന് പൊലീസിന്‍റെ പിടിയിലായത്.
കേരളത്തിലെ വിവിധ ജില്ലകളിലും, തമിഴ്നാട്ടിലും പല കേസുകളുള്ള പ്രശാന്ത് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മാര്‍ച്ചിലാണ് പുറത്തിറങ്ങിയത്. പിന്നീട് കണ്ണൂര്‍, തലശേരി ഭാഗങ്ങളിലെത്തി തട്ടിപ്പ് നടത്തിവരികയായിരുന്നു. തലശേരിയില്‍ വയോധികനായ ഓട്ടോ ഡ്രൈവറുടെ സ്വര്‍ണമോതിരം കവര്‍ന്നത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ചമഞ്ഞാണ്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു